ഹൃദയത്തിൻ്റെയും രക്തധമനികളുടെയും രോഗം എന്നൊരു വിശേഷണം പ്രമേഹത്തിനുണ്ട്. പ്രമേഹത്തിൻ്റെ സങ്കീർണ്ണതകളിൽ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് പ്രധാന പ്രശ്നം. ഹൃദയത്തിനു രക്തംനൽകുന്ന കൊറോണറി രക്തകുഴലുകൾക്കുണ്ടാകുന്ന തകരാറാണ് ഹൃദയാഘാത്തിലേക്ക് നയിക്കുന്നത്. തലച്ചോറിലെ രക്ത ധമനികളിൽ തടസം കാരണമുള്ള സ്ട്രോക്ക് ,കാലിലെ രക്തക്കുഴലുകൾ അടഞ്ഞുപോകുന്നത് മൂലമുള്ള ഗാംഗ്റിനും തുടർന്ന് കാല് മുറിക്കേണ്ടി വരുന്ന അവസ്ഥ, കണ്ണിൻ്റെ റെറ്റിനയിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന മാറ്റംമൂലം സംഭവിക്കുന്ന റെറ്റിനോപ്പതി,വൃക്കകളിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന മാറ്റം മൂലമുണ്ടാകുന്ന നെഫ്രോപതി തുടങ്ങിയവയെല്ലാം ഈ വിശേഷണത്തെ സാധൂകരിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ ആണ് പ്രമേഹികളിലെ മുഖ്യ മരണകാരണം. അതിൽ പെട്ടെന്നുള്ള മരണകാരണം ഹൃദയാഘാതമാണ് .ഹൃദയാഘാതം മൂലമുള്ള മരണം മറ്റുള്ളവരെ അപേക്ഷിച്ചു പ്രമേഹികളിൽ രണ്ടുമുതൽ നാലുമടങ്ങു വരെ കൂടുതൽ ആണ്. ഹൃദയപേശികൾക്ക് രക്തം നൽകുന്ന കൊറോണറി രക്തകുഴലുകൾ അടഞ്ഞു പോകുന്നത് മൂലമാണ് ഹൃദയാഘാതം ഉണ്ടാകുന്നത് . വേണ്ടത്ര ചികിത്സ യഥാസമയം ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കും . പെട്ടെന്നുള്ള മരണ (sudden cardiac death) ത്തിൽ ചികിത്സ ലഭിക്കാനുള്ള അവസരമേ ലഭിക്കില്ല.

       കൊറോണറി രക്തക്കുഴലുകൾ അടഞ്ഞു പോകുന്ന അവസ്ഥയിലേക്ക് ക്രമേണക്രമേണ എത്തിച്ചേരുകയാണ്.കൊറോണറി രക്തക്കുഴലുകളുടെ ഉൾവശത്തു കൊളസ്റ്ററോൾ അടിഞ്ഞു ചെറിയ പൊറ്റകൾ രൂപപ്പെടുന്നു . ഇവ കനം വയ്ക്കുമ്പോൾ രക്തക്കുഴലുകളുടെ ഉള്ളു കുറയുന്നു. ഞെരുക്കം ഉണ്ടാവുകയും രക്തത്തിൻ്റെ ഒഴുക്ക് കുറയുകയും ചെയ്യുന്നു. ഇതുമൂലം ഹൃദയ പേശികൾക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും വേണ്ടത്ര ലഭിക്കാതെ വരും. എന്തെങ്കിലും ആയാസം വേണ്ടി വരുമ്പോൾ നെഞ്ചിൽ അരപ്പും അരണ്ട വേദനയും ഉണ്ടാകും .ഹൃദ്രോഗമാണ് . ഇതിനെ അൻജൈന എന്ന് വിളിക്കുന്നു . ഹൃദയാഘാതത്തിൻ്റെ വഴിയിലെ ഒരു നാഴികക്കല്ലാണ്‌ അൻജൈന. കൊളസ്റ്റെറോൾ പൊറ്റകൾ പൊട്ടുകയും അവിടെ രക്തക്കട്ടരൂപംകൊണ്ടു രക്തകുഴൽ അടഞ്ഞു പോകുകയും ചെയ്യുമ്പോഴാണ് ഹൃദയാഘാദം ഉണ്ടാകുന്നത്. ഈ രക്തക്കട്ട അലിയിച്ചു കളയുന്ന മരുന്നുകൾകൊണ്ടുള്ള ചികിത്സയായിരുന്നു മുൻകാലങ്ങളിൽ ഉണ്ടായിരുന്നത്. ഇപ്പോൾ ആഞ്ജിയോപ്ലാസ്റ്റിയും സ്റ്റെൻറ്റിങ്ങും പ്രധാന ചിത്സയായായി മാറിയിട്ടുണ്ട്. കൊറോണറി രക്തക്കുഴലുകൾ ചുരുങ്ങുകയും ഹൃദയ പേശികൾക്ക് വേണ്ടത്ര രക്തം ലഭിക്കാതെയും വരുമ്പോൾ ഹൃദയത്തിൻ്റെ സങ്കോച വികാസങ്ങൾക്കു ബലം പോരാതെവരുന്ന അവസ്ഥയാണ് ഹാർട്ട് ഫെലുവർ. ഹൃദയാഘാതത്തെ തുടർന്നും അല്ലാതെയും ഇത് സംഭവിക്കാം.പ്രമേഹം നേരിട്ട് തന്നെ ഹൃദയ പേശികളെ ബാധിക്കുകയും ഹൃദയത്തിൻ്റെ പ്രവർത്തന ക്ഷമത കുറക്കുകയും ചെയ്യുന്ന അവസ്ഥയും ഉണ്ട്.പ്രമേഹവുമായി ബന്ധപ്പെട്ട ഹൃദ്രോഗങ്ങൾ നിരവധിയാണ്..

©2017 Dr. Kamalasanan

Navabharath Diabetes Care & Research

Home | About Us | Gallery | News |Book | Site map & Contact Us |

All rights reserved | Website designed & developed by Sopetel Technologies