പാരമ്പര്യമായും കുടുംബപരമായും വരാവുന്ന രോഗമാണ് പ്രമേഹം .അച്ഛനോ ,അമ്മക്കോ പ്രമേഹമുണ്ടെങ്കിൽ മക്കൾക്ക് വരാനുള്ള സാദ്ധ്യത കൂടുതലാണ് .അമ്മയ്ക്കും അച്ഛനും പ്രമേഹമുണ്ടെകിൽ സാദ്ധ്യത ഇനിയും കൂടുതലാണ്.ഇത് കണക്കിലെടുത്തു ചെറുപ്പത്തിൽ തന്നെ പ്രമേഹത്തെ പറ്റിയുള്ള അറിവ് കുട്ടികൾക്ക് പകർന്നു കൊടുക്കണം .വീട്ടിലും വിദ്യാഭ്യാസ സ്ഥാപനത്തിലും ഇതു സാദ്ധ്യമാണ് .സ്കൂൾതലത്തിൽ തന്നെ പ്രമേഹ വിദ്യാഭ്യാസം ആരംഭിക്കണമെന്നാണ് ലോകാരോഗ്യസംഘടനയും ലോകപ്രമേഹ ഫെഡറേഷനും ആവശ്യപ്പെടുന്നത് .

          മാറിവന്ന ജീവിത ശൈലിയാണ് പ്രമേഹത്തിൻറെ മുഖ്യകാരണം . ഭക്ഷണ ശീലങ്ങൾ,ജീവിതക്രമങ്ങൾ,മാനസികമായ പിരിമുറുക്കങ്ങൾ ഇവയെല്ലാം പ്രമേഹത്തിനു കാരണമാണ് . ജീവിതശൈലി രോഗങ്ങളിൽ പ്രധാനി പ്രമേഹം തന്നെയാണ് . ഹൃദ്രോഗങ്ങൾ രക്തസമ്മർദ്ദം തുടങ്ങി ഒട്ടനവധി രോഗങ്ങൾ ജീവിത ശൈലിയുമായി ബന്ധപ്പെട്ടു നിൽക്കുന്നു . ബേക്കറി ഭക്ഷണങ്ങൾ മുഖ്യ ഇനമായി. എണ്ണയും കൊഴുപ്പും ഭക്ഷണങ്ങളിൽ അമിതമായി . അവസരത്തിലും അനവസരത്തിലും ധാരാളമായി കഴിക്കുകയായി . ആഹാരാവശ്യം നിറവേറ്റുക എന്ന ധർമ്മത്തിനപ്പുറം ആഹാര മേളയായി ഭക്ഷണം മാറി. ഇതെല്ലാം ശരീരത്തിൽ കൊഴുപ്പായടിഞ്ഞു . ശാരീരിക ആയാസങ്ങൾ നന്നെ ഇല്ലാതായി. വണ്ണം കൂടിവന്നു. പിന്നെ പ്രമേഹമായി. ഇങ്ങനെയാണ് പ്രമേഹത്തെ ജീവിതശൈലിയുമായി ചേർത്തു വായിക്കുന്നത്.

കുട്ടികളിൽപോലും മുതിർന്നവരിൽ കാണുന്നതരം (ടൈപ്പ് -2 ) പ്രമേഹം വർദ്ധിച്ചുവരുന്നു .പൊണ്ണത്തടിയാണിതി൯്റെമുഖ്യകാരണം.കുട്ടികളിലെ പൊണ്ണത്തടി നമ്മുടെ നാട്ടിൽ പതിവുകാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു .വ്യായാമം ഇല്ലാത്ത വിദ്യാഭ്യാസരംഗം ,അമിതമായി ഊർജ്ജമുള്ള ഭക്ഷണങ്ങൾ ,ഇതുരണ്ടുമാണ് കുട്ടികളിൽ പൊണ്ണത്തടി ഉണ്ടാക്കുന്ന മുഖ്യകാരണങ്ങൾ .ഐസ്ക്രീം ,ചോക്ലേറ്റ് ,വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവിഭവങ്ങൾ ,ബേക്കറി സാധനങ്ങൾ എല്ലാംചേർന്ന ഊർജസമൃദ്ധമായ ഭക്ഷണം ധാരാളം കഴിക്കുന്ന പുതിയ തലമുറ പ്രമേഹത്തെമറന്നു മുന്നോട്ടുപോയാൽ അപകടമാണ്

മഹാത്മാഗാന്ധിയെപ്പോലെ ഭക്ഷിക്കുകയും നടക്കുകയും ചെയ്താൽ പ്രമേഹത്തെ നമ്മുക്ക് പ്രതിരോധിക്കാൻ കഴിയും .നടത്തമാണ് ത൯്റെ ബാങ്ക് ബാലൻസ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് .


©2017 Dr. Kamalasanan

Navabharath Diabetes Care & Research

Home | About Us | Gallery | News |Book | Site map & Contact Us |

All rights reserved | Website designed & developed by Sopetel Technologies