പ്രമേഹ നിർണ്ണയം

Image

രക്തത്തിലെ പഞ്ചസാര ഗ്ലൂക്കോസ്. പ്രധാനമായും ധാന്യാഹാരങ്ങൾ ദഹിച്ചാണ് രക്തത്തിൽ ഗ്ലൂക്കോസ് വരുന്നത്. പിന്നെ പഴവർഗ്ഗങ്ങളിൽ നിന്നും മധുര സാധനങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്. ആരോഗ്യവാനായ ഒരാളിൽ രക്തത്തിലെ ഗ്ലൂക്കോസിനൊരു നിയന്ത്രിത അളവുണ്ട്. ആഹാരം കഴിക്കാതെ രാവിലെയുള്ള രക്തത്തിലെ ഗ്ലൂക്കോസ് (ഫാസ്സ്റ്റിം ബ്ലഡ് ഗ്ലൂക്കോസ് FBS) അത് സാധാരണയായി 110മില്ലിഗ്രാം/ഡെസിലിറ്ററൊ അതിനു താഴെയൊ ആണ്. അത് 126 മില്ലിഗ്രാം/ ഡെസിലിറ്റർ ആയാൽ പ്രമേഹമാകുന്നു. 110 നും 125 നും ഇടയിൽ വന്നാൽ പ്രമേഹത്തിലേക്കു നീങ്ങുന്നുവെന്നു കരുതണം. ആഹാരം കഴിഞ്ഞു 2 മണിക്കൂർ ആകുമ്പൊൾ രക്തത്തിലെ ഗ്ലൂക്കോസ് (പോസ്റ്റ് പ്രാൻഡിയൽ ബ്ലഡ് ഗ്ലൂക്കോസ് PPBS) 140മില്ലിഗ്രാം/ഡെസിലിറ്ററിനു താഴെ വേണം.

അത് 200 മില്ലിഗ്രാം/ഡെസി ലിറ്റർ ആയാൽ പ്രമേഹം. 140 നും 199 നും ഇടയിൽ ആണെങ്കിൽ അധികനാളില്ലാതെ പ്രമേഹത്തിലേക്ക് എന്നു കരുതണം. പ്രധാനമായ മറ്റൊരു പരിശോധന എച്ച്ബി എ വൺ സി HbA1c, തൊട്ടുമുൻപുള്ള രണ്ടു- മൂന്നു മാസത്തെ രക്തത്തിലെ ഗ്ലൂക്കോസിന്റെ ഒരു ശരാശരി കണക്കാണത്. HbA1c ദിവസത്തിൽ ഏതു സമയത്തും നോക്കാം. പ്രമേഹമില്ലാത്തവർക്ക് അത് 5.4% ത്തിൽ താഴെ ആയിരിക്കും. 6.4% ത്തിനു മുകളിലാണെങ്കിൽ പ്രമേഹം. 5.4% ത്തിനും 6.3% ത്തിനുമിടയിലാണെങ്കിൽ പ്രമേഹം എത്താൻ പോകുന്നുവെന്നാണ്. ചികിത്സയിലായിരിക്കുമ്പോ എച്ച്ബി എ വൺ സി 7% ത്തിനു താഴെയാവണം. പ്രമേഹ സാദ്ധ്യത കൂടുതലുള്ളവർ യുവാക്കളായിരിക്കുമ്പോൾ തന്നെ രണ്ടുമാസം കൂടുമ്പോൾ ബ്ലഡ് ഷുഗർ പരിശോധിക്കുകയും ആവശൃമായ കരുതലുകൾ സ്വീകരിക്കുകയും വേണം.

പ്രമേഹം പല വിധത്തിലുണ്ട്
1. ടൈപ്പ് I
2. ടൈപ്പ് II
3. പാൻക്രിയസിലെ കല്ലുമൂലമുള്ള പ്രമേഹം
4. ഗർഭകാല പ്രമേഹം
5. മറ്റുകാരണങ്ങളാൽ വരുന്ന ചിലചെറിയ വിഭാഗങ്ങൾ.
ഭൂരിപക്ഷം പ്രമേഹികളും ടൈപ്പ് II ആണ്. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ടൈപ്പ് I പ്രമേഹം കാണുന്നത്. നേരിയ ശതമാനം മാത്രമായിരുന്ന ഗർഭകാല പ്രമേഹം വലിയ ഒരു വെല്ലുവിളിപോലെ വർദ്ധിച്ചു വരുന്നു. പാൻക്രിയാസിലെ കല്ലു മൂലമുള്ള പ്രമേഹം യുവാക്കളിലും മദ്ധ്യവയസ്‌കരിലുമാണ് കണ്ടുവരുന്നത്.