ആമുഖം

Image

ആമുഖമായി ചിലതു പറയാതെ പ്രമേഹ ചികിത്സയുടെ വിശദാംശങ്ങളിലേക്കു കടക്കാനാവില്ല. ആരംഭിച്ചാൽ ജീവിതവസാനംവരെ പ്രമേഹം സന്തത സഹചാരിയായി, കൂട്ടായി നമ്മോടൊപ്പമുണ്ടാകും. "എന്റെ കൂട്ടുകാരിൽ നിന്ന് എന്നെ രക്ഷിക്കണെ ദൈവമേ" എന്ന പ്രാർത്ഥന അർത്ഥവത്താക്കുന്നതാണ് ശരീരത്തിൽ പ്രമേഹത്തിന്റെ സാനിദ്ധ്യം. ശരീരത്തെ ബാധിക്കുന്ന ഇതര രോഗങ്ങളെയെല്ലാം പ്രതിരോധിക്കാനുള്ള നമ്മുടെ ശേഷി കുറയ്ക്കും. ശ്രദ്ധാലുവല്ലെങ്കിൽ ഇതര രോഗങ്ങൾക്ക് അടിപ്പെട്ടുപോകും. രക്തത്തിൽ പഞ്ചസാര ക്രമാതീതമായി വർദ്ധിച്ചാൽ പെട്ടെന്ന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം.

ദീർഘകാലം വലിയ നിലയിൽ രക്തത്തിലെ ഗ്ലൂക്കോസ് ഉയർന്നു നിന്നാൽ അതുമൂലം കാഴ്ച നഷ്ടപ്പെടാം, കിഡ്നി തകരാറിൽ ആകാം, ഹൃദ്രോഗ ബാധയുണ്ടാകാം, ഞരമ്പുകളിൽ സ്പർശനശേഷി നഷ്ടപ്പെടാം, കാലുകളിൽ ഉണങ്ങാത്ത മുറിവുകളും കാലുതന്നെ മുറിക്കേണ്ട അവസ്ഥയുമൊക്കെ വന്നു ചേരാം.ഇവയൊക്കെ ഒഴിവാക്കാൻ അല്പം ഒരു ശ്രദ്ധ ചികിത്സാകാര്യത്തിൽ ഉണ്ടായാൽ മാത്രം മതി. പ്രമേഹം വരാതെ നോക്കുക. വന്നാൽ ഏറ്റവും നല്ലനിലയിൽ പ്രമേഹത്തെയും അനുബന്ധമായി വരാവുന്ന സങ്കീർണ്ണതകളെയും ജാഗ്രതയോടെ ചികിത്സിയ്ക്കുകയും ചെയ്താൽ മറ്റാരെയും പോലെ ആരോഗ്യകരമായ ഒരു ജീവിതം പ്രമേഹിക്കു സാദ്ധ്യമാണ്. അതിന് രക്തത്തിലെ പഞ്ചസാര സാധാരണ അളവിൽ നിലനിർത്തുക. ബ്ലഡ് പ്രഷർ സാധാരണ നിലയിൽ നിലനിർത്തുക. ബ്ലഡ് കൊളസ്‌ട്രോൾ മിതമായ അളവിൽ നിലനിർത്തുക. കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കാണുകയും ആവശ്യമായ പരിശോധനകൾ നടത്തുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുക. ഇനിപ്പറയുന്ന കാര്യങ്ങൾ കൂടി അത്യാവശ്യം അറിഞ്ഞിരിക്കണം : FBS -110-120 പരമാവധി 140 മില്ലിഗ്രാംസ്/ഡെസിലിറ്റർ. PPBS - 130 -140 പരമാവധി 160 മില്ലിഗ്രാംസ്/ ഡെസിലിറ്റർ. HbA1c 7% നു താഴെ. മൊത്തം കൊളസ്‌ട്രോൾ 180മില്ലിഗ്രാം/ ഡെസി ലിറ്ററിനു താഴെ. എച്ച്.ഡി.എൽ കൊളസ്‌ട്രോൾ 40മില്ലി ഗ്രാം/ഡെസി ലിറ്ററിനു മുകളിൽ. എൽ.ഡി.എൽ കൊളസ്‌ട്രോൾ 100 മില്ലി ഗ്രാം/ഡെസിലിറ്ററിനു താഴെ. മേൽ പറഞ്ഞ എല്ലാ കാര്യങ്ങളുടെയും കിഡ്നി, കരൾ, കണ്ണ് എന്നിവയുടെയും പരിശോധനകൾ ഡോക്ടറുടെ നിർദ്ദേശാനുസരണം ചെയ്യുകയും ചികിത്സകൾ സ്വീകരിക്കുകയും വേണം. ഇന്റർനെറ്റു നോക്കിയും ആരെങ്കിലുമൊക്കെ പറയുന്നതുകേട്ടും എല്ലാം സ്വയമങ്ങു ചെയ്തുകളയാമെന്നു തീരുമാനിക്കരുത്. പ്രമേഹമുള്ളയാളുടെ ആരോഗ്യ സുരക്ഷ അയാളിൽ തന്നെ നിക്ഷിപ്തമാണ്. അതിനത്യാവശ്യം വേണ്ട കാരൃങ്ങൾ അയാൾ അറിഞ്ഞിരിക്കുക തന്നെ വേണം. പ്രമേഹത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവുകൾ പ്രമേഹ ചികിത്സയുടെ ഭാഗമാണ്.