രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നതു മൂലം, പെട്ടെന്നുണ്ടാകുന്നതും ദീർഘകാലാടിസ്ഥാനത്തിലുണ്ടാകുന്നതുമായ ആരോഗ്യപ്രശ്നങ്ങളാകെ ചേർന്നതാണ് പ്രമേഹം. ശരീരത്തിൽ ഇൻസുലിൻ ഉല്പാദിപ്പിക്കുന്നതിലെ കുറവോ, ഉള്ള ഇൻസുലിന്റെ പ്രവർത്തനക്ഷമതക്കുറവോ, ഇൻസുലിൻ ശരീരത്തിൽ തീരെ ഇല്ലാതിരുന്ന അവസ്ഥയോ, കോശങ്ങളുടെ പ്രാപ്തിക്കുറവോ(ഇൻസുലിൻ റസിസ്റ്റൻസ്) ആണ് പ്രമേഹം ഉണ്ടാകാൻ കാരണം. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നത് ഇൻസുലിനാണ്. ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നത് പാൻക്രിയാസ് ഗ്രന്ധിയിലെ ഐലറ്റ്സ് ഓഫ് ലാങ്കർഹാൻസിലുള്ള ഒരുകൂട്ടം കോശങ്ങളാണ്. അവിടെ ഗ്ലൂക്കഗോൺ എന്നൊരു വസ്തുവും ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇൻസുലിനു വിപരീതമാണതിന്റെ പ്രവർത്തനം. നമ്മുടെ ശരീരത്തിലെ സകല കോശങ്ങൾക്കും ഊർജ്ജം നൽകുന്നത് ഗ്ലൂക്കോസാണ്. ഈ ഗ്ലൂക്കോസ് കോശങ്ങളിൽ കടക്കണമെങ്കിൽ ഇൻസുലിൻ വേണം. ഇൻസുലിൻ ശരീരത്തിൽ ഇല്ലെങ്കിൽ അതിനു കോശങ്ങളിലേക്കു കടക്കാൻ കഴിയാതെ വരും. അതു രക്തത്തിൽ തന്നെ കെട്ടിക്കിടക്കും. അത് താൽക്കാലികവും ഭാവിയിലുമുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. അത്തരം ആരോഗ്യപ്രശ്നങ്ങളെല്ലാം ഒന്നുചേരുന്നതാണ് പ്രമേഹം. ഇതിനെ പ്രശ്നതരമായൊരു ശാരീരികവസ്ഥയെന്നു വിളിച്ചാൽ മതി. രോഗം എന്നു വിളിക്കേണ്ടതില്ല.