കൂടുതലായി മൂത്രം പോവുക എന്നതിന്റെ പേരിലാണ് ഈ രോഗം ആദ്യം മുതലേ അറിയപ്പെട്ടിരുന്നത് (പ്രമേഹം). മധുരിക്കുന്ന മൂത്രമെന്ന പേരും പുരാതന കാലം മുതലെ ഇടംനേടി (മധുമേഖ). ഇന്ത്യയിൽ ചരകസംഹിതയാണ് പ്രമേഹത്തെപ്പറ്റി ആദൃമായി സൂചന നൽകുന്നത്. ശുശ്രുത മഹർഷിയാണ് പ്രമേഹ ലക്ഷണങ്ങൾ ആദൃമായി രേഖപ്പെടുത്തിയത്. നാം കഴിക്കുന്ന ധാന്യാഹാരങ്ങൾ കുടലിൽ വച്ചു ദഹിച്ചു ഗ്ലൂക്കോസാകുന്നു. അത് കുടലിൽ നിന്ന് രക്തത്തിലേക്കു കലരുന്നു. രക്തം അതിനെ ശരീരത്തിലെ നാനാഭാഗത്തെയും കോശങ്ങളുടെ അരികെ എത്തിക്കുന്നു. ഇൻസുലിൻ അതു കോശങ്ങളിലേക്കു കടത്തിവിടുന്നു. ഇൻസുലിനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ഗ്ലൂക്കോസ് കോശങ്ങളിൽ കടക്കാതെ വരികയും രക്തത്തിൽ കെട്ടിക്കിടക്കുകയും ചെയ്യുന്നു. അങ്ങനെ അധികമായി കെട്ടിക്കിടക്കുന്ന ഗ്ലൂക്കോസിനെ കിഡ്നി അരിച്ചു മൂത്രത്തിൽ കൂടി പുറത്തുകളയുന്നു. ഈ ഗ്ലൂക്കോസിനൊപ്പം കൂടുതൽ ജലാംശവും പുറത്തുപോകുന്നു. അങ്ങനെ കൂടുതൽ മൂത്രം പോകുന്നു. രാപകൽ വ്യത്യാസമില്ലാതെ ഒരുപാടു തവണ മൂത്രമൊഴിക്കേണ്ടിവരുന്നു. അങ്ങനെ, കൂടുതൽ തവണ മൂത്രമൊഴിക്കുന്നതു പ്രമേഹത്തിന്റെ ലക്ഷണമായി ഭവിക്കുന്നു. അതുകൊണ്ടു തന്നെ ക്ഷീണവും ഉറക്കക്കുറവുമുണ്ടാകുന്നു. ശരീരത്തിൽ നിന്ന് മൂത്രത്തിലൂടെ ധാരാളം ജലാംശം നഷ്ടപ്പെടുന്നതിനാൽ അധികമായ ദാഹമുണ്ടാകുന്നു. ധാരാളം വെള്ളം കുടിക്കുന്നു. ക്ഷീണമനുഭവപ്പെടുന്നു. കോശങ്ങൾക്കു ഗ്ലൂക്കോസ് ലഭിക്കാതെ വരുന്നതിനാൽ വിശപ്പു കൂടുന്നു. കൂടുതൽ ഭക്ഷണം കഴിക്കുന്നു. പക്ഷെ ആ ഭക്ഷണം വേണ്ടവിധം ശരീരത്തിനു പ്രയോജനപ്പെടാതെ പോകുന്നതിനാൽ ശരീരഭാരം കുറയുകയും മെലിയുകയും ചെയ്യുന്നു.
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടിയിരുന്നാൽ അതു സ്വകാര്യഭാഗങ്ങളിലും ചെവിയിലുമൊക്കെ പൂപ്പൽ (ഫംഗസ്) ബാധയ്ക്കു കാരണമാകുന്നു. പൊതുവെ രോഗപ്രതിരോധശക്തി കുറയുമെന്നതിനാൽ ആവർത്തിച്ച് അണുബാധകൾ വരാനും അണുബാധ വന്നാൽ ഭേദമാകാൻ കൂടുതൽ സമയം വേണ്ടിവരുമെന്നുള്ളതും പതിവാണ്. മുറിവുകൾ ഉണങ്ങാൻ താമസം വരുകയും സാധാരണയിൽ നിന്നും കൂടുതൽ നാൾ അണുവിരുദ്ധ മരുന്നുകൾ വേണ്ടിവരുകയും ചെയ്യാം. യാതൊരു ലക്ഷണങ്ങളുമില്ലാതെ ഏതെങ്കിലും ആവശ്യത്തിനുവേണ്ടി രക്തം പരിശോധിച്ചപ്പോൾ മാത്രം യാദൃശ്ചികമായി പ്രമേഹം കണ്ടെത്തുന്ന സാഹചരൃവുമുണ്ട്.