Image
മരുന്ന്

ഇൻസുലിന്റെ കുറവ്, പ്രവർത്തനക്ഷമത കുറവ്, ഇൻസുലിൻ തീരെ ഇല്ലാതിരിക്കുക, എന്നീ കാരണങ്ങളാൽ രക്തത്തിൽ പഞ്ചസാരയുടെ അളവു ക്രമാതീതമായി വർദ്ധിക്കുന്ന അവസ്ഥയാണല്ലോ പ്രമേഹം. രക്തത്തിൽ പഞ്ചസാരയുടെ അളവു കുറയ്ക്കലാണ് ചികിത്സയുടെ മുഖ്യ ലക്ഷ്യം. മരുന്നുകൾ ഈ ധർമ്മമാണ് നിർവ്വഹിക്കുന്നത്. ഇൻസുലിൻ കോശങ്ങളിലേക്കു കടക്കാനുള്ള പ്രതിബന്ധങ്ങൾ മാറ്റുന്നു.

അതായത് ഇൻസുലിൻ റസിസ്റ്റൻസ് കുറയ്ക്കുന്നു. പാൻക്രിയാസിലെ ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന കോശങ്ങളെ ത്വരിതപ്പെടുത്തുകയും കൂടുതൽ ഇൻസുലിൻ രക്തത്തിൽ വരാൻ കാരണമാവുകയും ചെയ്യുന്നു. നാം കഴിക്കുന്ന ആഹാരം ദഹിച്ചുണ്ടാകുന്ന ഗ്ലൂക്കോസ് കുടലിൽ നിന്ന് രക്തത്തിലേക്ക് ആഗിരണം ചെയ്യാതിരിക്കാൻ പ്രവർത്തിക്കുന്നു.

ഭക്ഷണം കഴിക്കുന്നതിനനുബന്ധമായി പാൻക്രിയാസിൽ നിന്നും ഇൻസുലിൻ ലഭ്യമാക്കാൻ സഹായിക്കുന്നു. മൂത്രം വഴി കൂടുതലായി ഗ്ലൂക്കൊസ് പുറത്തു കളഞ്ഞ് രക്തത്തിലെ ഗ്ലുക്കോസ് കുറയ്ക്കുന്നു. ശരീരം ഇൻസുലിൻ വേണ്ടത്ര ഉല്പാദിപ്പിക്കുന്നില്ലെങ്കിൽ ഇൻസുലിൻ കുത്തിവയ്ക്കുന്നു. ഇപ്രകാരമൊക്കെയാണ് പ്രമേഹത്തിനുള്ള മരുന്നുകൾ പ്രവർത്തിക്കുന്നത്. പ്രമേഹമുള്ളവരിൽ വലിയ വ്യത്യസ്തതകൾ ഉള്ളതിനാൽ ഒരു ഡോക്ടർ അവ യുക്തിപൂർവ്വമായും ശാസ്ത്രീയമായും പ്രയോഗിക്കുകയാണ് ചെയ്യുന്നത്. മരുന്നുകളുടെ ഉപയോഗം ഡോക്ടറുടെ നിയന്ത്രണത്തിൽ തന്നെ വേണം.

പതിവായി ഉപയോഗപ്പെടുത്തുന്ന മരുന്നുകളിലൂടെ വളരെ സംക്ഷിപ്തമായ ഒരു ഓട്ട പ്രദക്ഷിണം ഇനി ; * മെറ്റ് ഫോർമിൻ : ഗുളിക രൂപത്തിൽ നമുക്കാദ്യം ലഭിച്ച മരുന്നാണിത്. ഇന്നും പ്രമേഹ ചികിത്സക്ക് ആദ്യം ഉപയോഗിക്കുന്ന മരുന്നും ഇതുതന്നെ ആണ്. കോശങ്ങളിലേക്ക് ഇൻസുലിനു കടക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ഇതു പ്രധാനമായും ചെയ്യുന്നത്. ഇൻസുലിൻ സെൻസിറ്റൈസർ എന്ന ഗ്രൂപ്പിലാണ് ഇതിന്റെ സ്ഥാനം. പല പേരുകളിൽ ലഭിക്കുന്നു. അതുപോലെ തന്നെ മറ്റു മരുന്നുകളുമായി ചേർത്തുള്ള ചേരുവകളായും ലഭിക്കുന്നു. മരുന്നിന്റെ പേരിന്റെ ഒടുവിൽ ഇംഗ്ലീഷ് അക്ഷരം M ഉണ്ടെങ്കിൽ അതു മെറ്റ്ഫോർമിൻ ചേർന്ന സംയുക്തമാണ്. ചിലർക്ക് വയറെരിച്ചിലും വയർ സ്തംഭനവും ഉണ്ടാകുമെന്നതൊഴിച്ചാൽ കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. അതിനുള്ള പരിഹാരം ഡോക്ടർമാർ നിർദ്ദേശിച്ചുതരും. *ഗ്ലിപ്പിസൈഡ്, ഗ്ലൈബെൻ ക്ലമൈഡ്, ഗ്ലിക്ലാസൈഡ്, ഗ്ലൈമിപിറൈഡ് (കമ്പനി നാമങ്ങൾ ഇവിടെ പറയുന്നില്ല) ഇതെല്ലാം തന്നെ പാൻക്രിയാസിലെ ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന കോശങ്ങളിന്മേൽ പ്രവർത്തിച്ചു കൂടുതൽ ഇൻസുലിൻ രക്തത്തിലേക്കു പ്രവഹിപ്പിക്കും. * ഡോക്ടർ നിർദ്ദേശിക്കുന്ന ഡോസിൽ വേണം മരുന്ന് കഴിക്കാൻ. സമയത്തിനു കഴിക്കുകയും ആഹാരത്തിൽ നിഷ്ഠ ഉണ്ടായിരിക്കുകയും വേണം. രക്തത്തിൽ ഗ്ലൂക്കോസ് കുറഞ്ഞു പോകുന്ന അവസ്ഥ ഈ മരുന്നുകൾക്കു താരതമ്യേന കൂടുതൽ ആണ്. സ്വന്തം നിലയിൽ ഡോസ് കൂട്ടുകയൊ കുറയ്കുകയൊ ചെയ്യരുത്.

*ഗ്ലിറ്റസോൺസ് 

*ഗ്ലിപ്റ്റിൻസ്

*ഗ്ലിഫോസിൻസ്

ഇതെല്ലാം വൃതൃസ്ഥമായ രീതിയിൽ രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ഈ മരുന്നുകളെല്ലാം പലവിധത്തിൽ സംയോജിപ്പിച്ചുള്ള ചികിത്സയാണ് ഇപ്പോൾ പൊതുവെയുള്ള രീതി. അതു വളരെ ഫലപ്രദവുമാണ്.

Image
Image
Image
"കൃത്യമായ രോഗനിർണയവും മരുന്നും പ്രമേഹ രോഗത്തെ നിയന്ത്രിക്കാൻ ഏറ്റവും അത്യാവശ്യമാണ്."
Image