സ്നേഹോഷ്മളമായ നമസ്കാരം
blog 1.jpg

 സസ്നേഹം

മിത്രങ്ങളേ,
1996 കളിലാണ് പ്രമേഹം ഒരു വലിയ പൊതുജനാരോഗ്യ പ്രശ്നമായി രൂപപ്പെട്ടു വരുന്നു എന്നു ഞാൻ ആദ്യം മനസിലാക്കുന്നത് . മധുര മീനക്ഷി മിഷൻ ആശുപത്രി യിൽ Dip.NB ട്രെയിനിയായിരിക്കുമ്പോഴാണ് ആദ്യമായി ഒരു ഡയബീറ്റിസ് കോൺഫറൻസിൽ പങ്കെടുക്കുന്നത്. ആൾ ഇന്ത്യ ഇൻസ്റ്റിടൃൂട്ടിലെ പ്രൊഫസറും RSSDI - റീസേർച്ച് സൊസൈറ്റി ഫോർ ദി സ്റ്റടി ഓഫ് ഡയബീറ്റിസ് ഇൻ ഇന്ത്യയുടെ സ്ഥാപകനുമായ പ്രൊഫസർ.എം.എം.എസ് .അഹൂജ, പ്രൊഫസർ. സാം ജി.പി.മോസസ് , പ്രൊഫസർ.ശേഷയ്യ തുടങ്ങി ഒരുപാടു ഗുരുക്കന്മാരുടെ വാഗ്ധോരണികളിൽ നിന്നും പിന്നിങ്ങോട്ടുള്ള വർഷങ്ങളിൽ ഒരു പാടൊരുപാടു കാര്യങ്ങൾ അറിയാനും പ്രചോദനം ഉൾക്കൊള്ളാനും കഴിഞ്ഞു... ആ ധന്യത്മാക്കൾ ഇന്നില്ലെങ്കിലും അവർ തുറന്നുതന്ന വഴികളിലൂടെ നാം ബഹുദൂരം മുന്നോട്ടുപോയി. പ്രമേഹത്തിന്റെ ലോകതലസ്ഥാനമാകാൻ കുതിക്കുന്ന ഇന്ത്യയിൽ ഗ്രാമങ്ങൾ പോലും ഒഴിവായില്ല. പ്രമേഹത്തെ പ്രതിരോധിക്കുക. പ്രമേഹികൾക്ക് ഏറ്റവും നല്ല ചികിത്സ താങ്ങാവുന്ന ചെലവിൽ ലഭൃമാക്കുക എന്നിവയെല്ലാം വലിയ വെല്ലുവിളികളായി മുന്നിൽ നിൽക്കുന്നു. പ്രമേഹം ഒരു മഹാമാരി പോലെ പടരുകയാണെന്നും  അതു ശാസ്താംകോട്ടയെന്ന ഗ്രാമത്തെയും മാറ്റിനിർത്തില്ല എന്ന തിരിച്ചറിവാണ് ആദൃമൊക്കെ ആഴ്ചയിൽ രണ്ടുദിവസം പ്രമേഹചികിത്സക്കായിമാത്രം മാറ്റിവയ്ക്കാൻ എന്നെ പ്രേരിപ്പിച്ചത്. 1999 ൽ പൂർണ്ണമായും കമ്പൃൂട്ടർ അധിഷ്ഠിതമായ EMR സംവിധാനത്തിൽ തുടങ്ങുകയും തുടരാനാവുകയും ചെയ്തതിന്റെ വിജയകരമായ പരിണതിയാണ് ഇപ്പൊഴാരംഭിച്ചിരിക്കുന്ന ഓൺലൈൻ ഡയബീറ്റിസ് ക്ലിനിക്ക് . പാരമ്പരൃമായും കുടുംബപരമായും വരാവുന്നതാണ് പ്രമേഹമെന്നിരിക്കെ നല്ല ജീവിതശൈലി സ്വീകരിച്ച് പ്രമേഹത്തെ അകറ്റി നിർത്താൻ ശ്രമം നേരത്തെ തന്നെ ഉണ്ടാകണം. പ്രമേഹികൾക്കു കുടുബത്തിൽ നിന്നും ലഭിക്കുന്ന സപ്പോർട്ടും പരമപ്രധാനമാണ്. പ്രമേഹത്തെ നേരിടുന്നതിൽ സമഗ്രമായ ഒരു സമീപനമാണാവശൃം. ആപ്പിന്റെ ഉള്ളടക്കം പരമാവധി മലയാളത്തിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. സംഗ്രഹിച്ച് പരമാവധി പ്രമേഹവിശേഷങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട് . ഭാഷയുടെ പരിമിതി ചിലയിടത്തെങ്കിലും മുഴച്ചു നിൽക്കുന്നുണ്ടാവും.ഇങ്ങനെയൊരുദൃമം വളരെ ശ്രമകരമായിരുന്നു. ദീർഘനാളത്തെ അദ്ധ്വാനമായിരുന്നു. എന്റെഭാവനയ്കും പ്രതീക്ഷകൾക്കുമപ്പുറം ഈ ആപ്പിനെ രൂപപ്പെടുത്താൻ സ്വന്തം കഴിവും കാര്യശേഷിയും സാങ്കേതികമികവും പ്രകടിപ്പിക്കുന്ന യോഡ്സർ ടെക്നോളജീസിലെ ശ്രീ. ഗോകുലിനും അദ്ദേഹത്തിന്റെ ടീം അംഗങ്ങൾക്കും എന്റെ നിസ്സീമമായ നന്ദിയും കടപ്പാടും അറിയിക്കുന്നു.             നിർദ്ദേശങ്ങൾക്കും സഹകരണങ്ങൾക്കും കാതോർത്തുകൊണ്ട്..
സസ്നേഹം
സ്വന്തം ഡോക്ടർ. പി.കമലാസനൻ