ആഹാര നിയന്ത്രണം പ്രയാസമുള്ളതാണ്. പക്ഷെ പ്രധാനമാണ്. പ്രമേഹികൾ മൂന്ന് നേരം ഭക്ഷണം എന്ന സമയക്രമം ഒഴിവാക്കണം. അളവിൽ കുറച്ചു തവണ കൂട്ടി ആഹാരം കഴിക്കുന്നതാണ് നല്ലത്. പതിവു രീതിയിൽ നിന്നും ചെറിയ വ്യത്യാസം വരുത്തിയാൽ മതി. ശീലമാണെങ്കിൽ രാവിലെ 6 മണിക്കും 7 മണിക്കും ഇടയിൽ മധുരമില്ലാത്ത ഒരു കാപ്പിയൊ ചായയൊ. 8 മണിക്കും 9 മണിക്കും ഇടയിൽ പ്രഭാത ഭക്ഷണം. 11 നും 11.30 നുമിടയിൽ ഒരു ലഘു ഭക്ഷണം. ഉച്ച ഭക്ഷണം 1.30 ന് . വൈകിട്ട് 4.30 ലഘു ഭക്ഷണം. രാത്രി 7.30 നും 8 മണിക്കുമിടയിൽ അത്താഴം.
രക്തത്തിൽ പഞ്ചാരയുടെ അളവ് വലിയ വ്യത്യാസങ്ങളില്ലാതെ നിലനിർത്താൻ ഇത് സഹായിക്കും. ധാന്യാഹാരങ്ങളിലും കിഴങ്ങുകളിലും അന്നജവും; പയർ വർഗ്ഗങ്ങൾ, മത്സൃം, മാംസം, പാൽ, മുട്ട എന്നിവയിൽ മാംസൃവും; എണ്ണകൾ, നെയ്യ്, ചീസ് എന്നിവയിൽ കൊഴുപ്പും പ്രധാന ഭക്ഷ്യാ അംശങ്ങളായി അടങ്ങിയിരിക്കുന്നു. പച്ചക്കറികൾ, ഇലക്കറികൾ, പഴങ്ങൾ എന്നിവയിൽ വിറ്റാമിനുകൾ, ധാതുക്കൾ (അയൺ, കാൽസ്യം, മഗ്നീഷൃം തൂടങ്ങിയവ), ഫൈബർ എന്നിവ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ആവശൃമായ അളവിൽ അടങ്ങിയിട്ടുള്ള ഭക്ഷണമാണാവശൃം. നിയന്ത്രിതമായ അളവിൽ കൃതൃമായ സമയത്ത് തന്നെ ഭക്ഷണം കഴിക്കേണ്ടത് പ്രമേഹ നിയന്ത്രണത്തിനതൃാവശൃമാണ്. ഭക്ഷണത്തിന്റെ പകുതിഭാഗം പച്ചക്കറികളും പച്ചിലക്കറികളും പഴങ്ങളും. ബാക്കി പകുതി - ധാനൃം, കിഴങ്ങുകൾ, പാൽ, പാലുല്പന്നങ്ങൾ, മുട്ട, ഇറച്ചി, മീൻ, എണ്ണകൾ, ഇതായിരിക്കണം പൊതു സമീപനം. എണ്ണയും കൊഴുപ്പും ധാരാളമായി ചേർത്ത വിഭവങ്ങളാണ് ഇന്നു പൊതുവെ ലഭിക്കുന്നത്. നാം നമുക്കു വേണ്ടതു മാത്രം തിരഞ്ഞെടുക്കുക. പ്രമേഹ ഭക്ഷണം എന്നൊന്നില്ല.
കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ : മധുരങ്ങൾ (ശർക്കര, പഞ്ചസാര, തേൻ, മധുര പാനീയങ്ങൾ, ഫ്രൂട്ജ്യൂസുകൾ, ഐസ്ക്രീമുകൾ ,പേസ്റ്ററികൾ, മറ്റു ബേക്കറി വിഭവങ്ങൾ). എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ വർജ്ജിക്കണം. ഊർജ്ജ സമൃദ്ധമായ ഭക്ഷണങ്ങൾ പൊതുവെ ഒഴിവാക്കുന്നതാണ് നല്ലത്. ഊർജ്ജം കൂടുതലുള്ള ധാന്യാഹാരങ്ങളും, കിഴങ്ങുകളും, മധുരങ്ങളും കൊഴുപ്പുകളും നന്നേ കുറയ്ക്കണം. കാരണം അധികം വരുന്ന ഊർജ്ജം കൊഴുപ്പായി മാറുകയും ശരീരഭാരം കൂട്ടുകയും ചെയ്യും. പ്രമേഹികൾ ശരീരഭാരം കൂടിപ്പോകാതെ നോക്കണം. അളന്നു കഴിക്കാൻ നോക്കുന്നതാണ് ഉത്തമം.
1. ശീലമാണെങ്കിൽ രാവിലെ മധുരമില്ലാത്ത ഒരു കപ്പ് പാൽ ചായയൊ. കാപ്പിയൊ
2. പ്രാതൽ - രാവിലെ 8.30-9 * ചെറിയ ഇഡ്ഡലി 2 * കിഴങ്ങും കായ്കളും ഇല്ലാത്ത സാമ്പാർ 1 കപ്പ് * ഒരു ചെറിയ ടേബിൾ സ്പൂൺ തേങ്ങാ ചമ്മന്തി. * ഗ്രീൻപീസ്, കോളീഫ്ളവർ, കൃാരറ്റ് ഇവ അരിഞ്ഞു പുഴുങ്ങിയത് ഒരു കപ്പ്. * വെജിറ്റബിൾ ജൃൂസ് 1 ഗ്ലാസ്
3. മിഡ് മോണിംഗ് സ്നാക്ക്(ലഘുഭക്ഷണം) 10.30-11 രാവിലെ. * ലമൺ ടീ 1 കപ്പ് * ഒരു മുട്ടയുടെ ഓംലെറ്റ്. പച്ചക്കറികൾ ചേർത്തത്. * ബ്രഡ്ഡ് 1 പീസ്
4. ഉച്ചഭക്ഷണം 1.30 ഉച്ച കഴിഞ്ഞ് * ചോറ് 5 ടേബിൾ സ്പൂൺ/ എണ്ണ പുരട്ടാതെ ഉണ്ടാക്കിയ രണ്ടു ചെറിയ ചപ്പാത്തികൾ. * പച്ചക്കറികൾ പുഴുങ്ങിയത് 1 കപ്പ് * ഒരു വലിയകഷണം മത്സൃം അരപ്പു പുരട്ടി എണ്ണചേർക്കാതെ ഇലയിൽ പൊള്ളിച്ചത്. * ഒരു ചെറുപഴം * കുടിക്കാൻ ധാരാളം മോര്.
5. ഈവനിംഗ് സ്നാക് - വൈകിട്ട് 4.30 - 5.00 * പാലൊഴിച്ച ചായ 1 കപ്പ് * കശുവണ്ടി 4 എണ്ണം * വെജിറ്റബിൾ സാൻഡ് വിച്ച് (ബ്രഡ് 1 പീസ്)
6. അത്താഴം 7.30- 8.00 രാത്രി * എണ്ണയില്ലാതെയുള്ള ചെറിയ ചപ്പാത്തികൾ 2 * മിൻകറി/ ഇറച്ചിക്കറി/ വെജിററബിൾ കറി/ കൂൺകറി/ പനീർകറി * സലാഡ് * ചെറുപഴം
അത്താഴം നേരത്തേ കഴിക്കുന്നതാണ് നല്ലതെന്നാണ് പൊതുവെ കരുതുന്നത്. ഇത് ഏകദേശം ഒരു 1600 കിലോ കാലറി ഊർജ്ജം വരുന്ന ഭക്ഷണമാണ്. ഈ ഭക്ഷണ ക്രമത്തിന്റെ ഇടവേള ഏകദേശം 3 മണിക്കൂർ വരും. രക്തത്തിലെ പഞ്ചസാര നിലവാരം വലിയ ഉയർച്ച താഴ്ചകളില്ലാതെ നിലനിലർത്താൻ ഇതു സഹായിക്കും. മരുന്നുകളുടെ ക്രമീകരണവും ലളിതമാക്കും.
വെള്ളം ധാരാളം കുടിക്കണം. കടഞ്ഞ മോരിലും, വെജിറ്റബിൾ ജൃൂസിലും കാലറി (ഊർജ്ജം) തീരെ ഇല്ലെന്നുതന്നെ പറയാം. പോഷകസമൃദ്ധമാണ്; പക്ഷെ കാലറി കുറവാണ് വെജിറ്റബിൾ ജൃൂസിന്.
വെജിറ്റബിൾ ജൃൂസ്
* ചെറിയ കാരറ്റ്-1 * വലിയ നെല്ലിക്ക-2 (കുരു കളഞ്ഞ്) * ബീറ്റ്റൂട്ട് ചെറുത്-1/2 * നാരങ്ങ-1/2 * ഉപ്പ് പാകത്തിന്. കാരട്ടും ബീറ്റ്റൂട്ടും നെല്ലിക്കയും നന്നായി അരിഞ്ഞ് മിക്സിയിലിട്ട് തരംപോലെ വെള്ളമൊഴിച്ച് അടിച്ചെടുക്കുക. വെജിറ്റബിൾ ജൃൂസ് അരിക്കാനുള്ള അരിപ്പ പ്രത്യേകമായി വാങ്ങാൻ കിട്ടും; അതിൽ അരിച്ചെടുക്കുക. അരിപ്പയിൽ അവശേഷിക്കുന്നതിന്റെ പകുതി കൂടി ജൃൂസിലേക്കു ചേർക്കുക. അതിലേക്ക് നാരങ്ങ പിഴിഞ്ഞു ചേർക്കുക. ആവശൃത്തിന് ഉപ്പുചേർത്ത് നന്നായി ഇളക്കി ഗ്ലാസിലേക്കു പകർന്ന് ഉപയോഗിക്കാം. ഇത് തണുപ്പിച്ച് ശീതള പാനീയമായും ഉപയോഗിക്കാവുന്നതാണ്. സാധാരണ കഴിക്കുന്ന ഭക്ഷണങ്ങൾ അളവിൽ കുറച്ചും തവണകൂട്ടിയും യുക്തിപൂർവ്വം ഉപയോഗിക്കുമ്പോൾ ആഹാര നിയന്ത്രണമായി. ഭക്ഷണം തീരെ ഒഴിവാക്കുകയൊ ക്രമം തെറ്റി കഴിക്കുകയൊ ചെയ്യുന്നത് അപകടമാണ്.