
പ്രമേഹ ചികിത്സയിൽ വ്യായാമത്തിന്റെ സ്ഥാനം വളരെ വലുതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ അതു സഹായിക്കും. ഹൃദയാരോഗ്യത്തിന് വ്യായാമം നല്ലതാണ്. രോഗപ്രതിരോധശേഷി വളർത്താൻ സഹായകമാണ്. വണ്ണം കുറയ്കുന്നതിനും പേശികൾക്ക് ശക്തി വയ്ക്കുന്നതിനും വ്യായാമം വേണം. വ്യായാമം സന്ധികൾക്ക് അയവും ബലവും നൽകുന്നു. അസ്തികൾക്കു സാന്ദ്രത വർദ്ധിപ്പിക്കുകയും ഒടിവുകൾ വരാതെ കാക്കുകയും ചെയ്യും. പൊതുവെ ഉന്മേഷം തരുകയും സ്വന്തം കാര്യങ്ങൾ നോക്കാൻ പ്രാപ്തി കൂട്ടുകയും ചെയ്യും.
ഒരു ചുവടുവയ്പ്പ് പോലും ഗുണകരമാണ്, പ്രധാനമാണ്. നടക്കാൻ അവസരങ്ങളുണ്ടാക്കുക. കഴിയുന്നത്ര നടക്കുക. പ്രത്യേകമായ ഒരു ചെലവും അതിനില്ല. എന്നാലും ദിവസവും കൃത്യനിഷ്ടയോടെ കൃത്യമായ അളവിൽ നിയതമായത്ര സമയം വ്യായാമം ചെയ്യുന്നതാണ് സാർവത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. നടക്കുക, ഓടുക, സൈക്കിൾ ചവിട്ടുക, നീന്തുക, തുടങ്ങിയ പ്രവർത്തികൾ ശരീരത്തിലെ ഓരോ കോശത്തെയും ഉത്തേജിപ്പിക്കുകയും പ്രവർത്തനനിരതമാക്കുകയും ചെയ്യും. കൂടുതൽ ഓക്സിജൻ ഇതിനാവശ്യമായിവരും. ശ്വാസഗതി കൂടും. ഹൃദയമിടിപ്പു കൂടും. ഇതിനെ എയറോബിക് എക്സർസൈസ് എന്നു വിളിക്കുന്നു. ഇതാണേറ്റവും നല്ലത്. ആഴ്ചയിൽ 5 ദിവസമെങ്കിലും ദിവസം 45 മിനിട്ടു വീതം നല്ല വേഗതയിൽ നടക്കണം. വിയർത്താൽ പോര. ഹൃദയമിടിപ്പ് നമുക്കു തന്നെ അനുഭവപ്പെടണം. അല്ലെങ്കിൽ സാധാരണപോലെ സംസാരിക്കാനാവാതെ വാചകങ്ങൾ മുറിഞ്ഞു പോകുന്നതായി തോന്നണം.
നടത്തം പതുക്കെ (warm up) ആരംഭിക്കുകയും പിന്നെ വേഗത കൂട്ടുകയും ഒടുവിൽ വേഗത കുറയ്ക്കുകയും (cool off) അവസാനം കുറച്ചുനേരം വിശ്രമിക്കുകയും ചെയ്യുക. ഇതായിരിക്കണം രീതി. വലിയ ആവേശം കാണിച്ചു നടുവേദനയും മറ്റും വരുത്തിവയ്കരുത്. യോഗയും പ്രമേഹികൾക്കു നല്ലതാണ്. വ്യായാമം ചെയ്യുമ്പൊൾ ശരീരത്തിന്റെ ഊർജ്ജ ഉപയോഗം കൂടുന്നു. അത് ശരീരത്തിലെ ഗ്ലൂക്കോസിൽ നിന്നും കൊഴുപ്പിൽ നിന്നുമൊക്കെയാണ് എടുക്കുന്നത്. അങ്ങനെ ശരീരഭാരം കുറയും. വ്യായാമം ആരംഭിക്കുന്നതിന് മുൻപ് ഡോക്ടറുടെ അഭിപ്രായം തേടണം. ആരോഗൃ പ്രശ്നങ്ങളുണ്ടെങ്കിൽ അതിനനുസരിച്ചുവേണം പ്ലാൻ ചെയ്യാൻ. ഇറുകിയ വസ്ത്രങ്ങൾ പാടില്ല.പാദരക്ഷകൾ ഉപയോഗിക്കണം. ധാരാളം വെള്ളം കുടിക്കണം.ജീവിത ശൈലിയായി വ്യായാമത്തെ രൂപപ്പെടുത്തിയാൽ മതി.



